
ചെങ്ങന്നൂർ: സ്നേഹത്തിന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള കരുതലിന്റെയും ഉദാത്ത മാതൃകയുമായി പത്തനാപുരം ഗാന്ധിഭവൻ്റെ ഇലഞ്ഞിമേൽ ശാഖയായ ഗാന്ധിഭവൻ ദേവാലയത്തിന്റെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് വനവാസി ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട പത്ത് പെൺകുട്ടികളുടെ സമൂഹവിവാഹം 14-ന് നടക്കും. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ഇപ്പോഴും അകന്നുനിൽക്കുന്ന വനവാസി ജനവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് പുതുജീവിതമേകാൻ ഗാന്ധിഭവൻ ഒരുക്കുന്ന കല്യാണമണ്ഡപം കാരുണ്യത്തിന്റെ വിളംബരമാകും.
14-ന് രാവിലെ ഒൻപതിന് വിവിധ കലാപരിപാടികളോടെ വാർഷികാഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് പത്തിനു നടക്കുന്ന സാംസ്കാരിക സമ്മേളനവും സമൂഹവിവാഹവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ബ്രഹ്മശ്രീ അടിമുറ്റത്തുമാഠം സുരേഷ് ഭട്ടതിരിപ്പാട് വിവാഹകർമങ്ങൾക്ക് കാർമ്മികത്വം വഹിക്കും.
ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ, മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദ് ചീഫ് ഇമാം സഫലബത്ത് ദാരിമി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ഗാന്ധിഭവൻ ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ , ഗാന്ധിഭവൻ പത്തനാപുരം ചെയർപേഴ്സൺ ഡോ. ഷാഹിത കമാൽ, ഡോ. സോണിയ സുരേഷ്,
വെൽഫയർ ഓഫീസർ ബാബു കല്ലൂത്ര
എന്നിവർ പ്രസംഗിക്കും
. ചടങ്ങിൽ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനും വധൂവരന്മാരെ അനുഗ്രഹിക്കാനും വിപുലമായ ക്രമീകരണങ്ങളാണ് ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു.










